കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 42 പേർ കുവൈത്തിൽ മരണപ്പെട്ടുവെന്ന് കണക്കുകൾ. ഇതിൽ 81 ശതമാനവും കുവൈത്തികളാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കുറ്റവാളികളുടെ പ്രൊഫൈലുകൾ, കണ്ടുകെട്ടിയ വസ്തുക്കൾ, ജുഡീഷ്യൽ ഫലങ്ങൾ എന്നിവയുടെ കണക്കുകൾ വ്യക്തമാക്കി 2023-ലെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കേസുകൾ സംബന്ധിച്ച ഡിജിറ്റൽ റിപ്പോർട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടത്.
മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും പ്രസക്തമായ ഡാറ്റ പങ്കുവെച്ച് സുതാര്യത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് റിപ്പോർട്ടിൻ്റെ ഉദ്ദേശ്യമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. റിപ്പോർട്ട് പ്രകാരം 2023ൽ 2,666 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിൽ മയക്കുമരുന്ന്, ആൽക്കഹോൾ പ്രോസിക്യൂഷൻ കൈകാര്യം ചെയ്യുന്ന മൊത്തം കേസുകളിൽ 77.2 ശതമാനവും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ദുരുപയോഗ കുറ്റകൃത്യങ്ങളാണ്. അതേസമയം മയക്കുമരുന്ന് കടത്ത് 22.5 ശതമാനം ആണ്. മൊത്തം 3,554 വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്തു, പ്രതികളിൽ 56 ശതമാനവും കുവൈത്തികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.