ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഡിസംബർ അഞ്ചിന് വേള്‍ഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ് കേരളത്തിൽ ഇന്ന് മുതൽ ആരംഭിച്ചു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിട്ടുണ്ട്. ‘പുഷ്പ ദ റൂൾ’ ഡിസംബർ അഞ്ച് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.