സോള്‍: തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെ എന്ന് പരസ്യമായി പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. യുക്രൈനെതിരെ റഷ്യ നടത്തികൊണ്ടിരിക്കുന്ന യുദ്ധത്തിന് പൂര്‍ണ പിന്തുണയറിയിക്കുന്നതായി കിം ജോങ് ഉന്‍ പറഞ്ഞു. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും റഷ്യന്‍ പ്രതിരോധമന്ത്രി ആന്‍ഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കിം പറഞ്ഞു.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സൈനികവും തന്ത്രപരവുമായ ബന്ധം ദൃഢമാകുന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. റഷ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലായതായാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുക്രൈനെതിരെ റഷ്യ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഉത്തര കൊറിയ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇത് നാറ്റോയുടെ കിഴക്കന്‍ വിപുലീകരണത്തിനും റഷ്യയെ ദുര്‍ബലപ്പെടുത്താനുള്ള യുഎസിന്റെ ശ്രമങ്ങള്‍ക്കെതിരെയുമുള്ള നടപടിയാണെന്നാണ് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പരമാധികാരം സംരക്ഷിക്കുന്നതിനായി റഷ്യന്‍ ഭരണകൂടം നടത്തുന്ന നീക്കത്തെ ഉത്തര കൊറിയ എക്കാലവും സംരക്ഷിക്കുമെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ചുകൊണ്ടാണ് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.