കുവൈത്ത് സിറ്റി: ഗൾഫ് ഉച്ചകോടിയുടെ 45-ാമത് സമ്മേളനം കുവൈത്തില്‍ ആരംഭിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നേതാക്കളെയും വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദോഹയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിലെ ജ്ഞാനപൂർവകമായ നേതൃത്വത്തിനും പരിശ്രമങ്ങൾക്കും ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒരു സംയോജിത ഗൾഫ് സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള യാത്ര നിരവധി കാര്യങ്ങളെ ആശ്രയിച്ചാണെന്നും അവയിൽ പ്രധാനം വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. ജിസിസി വിഭാവനം ചെയ്യുന്ന സംയോജിത ഗൾഫ് സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാൻ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ട് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഐക്യത്തിലൂടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് അഭിവൃദ്ധി കൈവരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ജിസിസി തെളിയിച്ചുവെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.