കുവൈത്ത് സിറ്റി: പ്രാദേശികമായും ആഗോളമായും വർദ്ധിച്ചുവരുന്ന അമിതവണ്ണമെന്ന ഭീഷണി ഉയർത്തിക്കാട്ടി ഡെർമറ്റോളജിസ്റ്റ് ഡോ. മുഹമ്മദ് അൽ ഖാസിമി. പ്രത്യേകിച്ചും ലോക ഒബിസിറ്റി ഫെഡറേഷൻ്റെ സമീപകാല റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ലോക ജനസംഖ്യയുടെ പകുതിയും ഏകദേശം നാല് ബില്യൺ ആളുകൾ 2035 ഓടെ പൊണ്ണത്തടിയുള്ളവരാകുമെന്നാണ് മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങളിലെ ഭയാനകമായ പൊണ്ണത്തടി നിരക്കും അൽ ഖാസിമി ചൂണ്ടിക്കാട്ടി. ഗൾഫ്, അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ പത്താം സ്ഥാനത്തുമാണ്. കാരണം കുവൈത്തിലെ ജനസംഖ്യയുടെ 45.3 ശതമാനം അമിത വണ്ണമുള്ളവരാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ഫാസ്റ്റ് ഫുഡിൻ്റെ വ്യാപകമായ ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് ഈ നിരക്ക് വർധിപ്പിക്കുന്നത്. കുവൈത്തിലെ കുട്ടികൾക്കിടയിലെ പൊണ്ണത്തടി സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.