റിയാദ്: വിസിറ്റ് വിസയിലെത്തുന്നവർ ഉൾപ്പടെ സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും സാമൂഹിക മാധ്യമ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കി. ഇത്തരം ആളുകളുമായി കരാറിലേർപ്പെടും മുമ്പ് അവർക്ക് ലൈസൻസുണ്ടോ എന്ന് ഉറപ്പാക്കാൻ രാജ്യത്തെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഇൻഫ്ലുവൻസർമാരെയും മറ്റ് സെലിബ്രിറ്റികളെയും തങ്ങൾക്കാവശ്യമായ പരസ്യങ്ങൾ നിർമിക്കുന്നതിന് വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കാറുണ്ട്. സൗദിയിലുള്ളവർക്ക് പുറമെ വിദേശങ്ങളിൽ നിന്ന് വിസിറ്റ് വിസയിൽ കൊണ്ടുവന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഇപ്പോൾ വ്യാപകമാണ്. ഇതിനാണ് ഇപ്പോൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതോറിറ്റി നൽകുന്ന ‘മൗസൂഖ്’ എന്ന ലൈസൻസുള്ളവരുമായി മാത്രമേ സ്ഥാപനങ്ങൾ പരസ്യത്തിനുവേണ്ടിയുള്ള കരാറുകളിൽ ഏർപ്പെടാവൂ എന്നാണ് കർശന നിർദേശം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ ശക്തമായ നിയമനടപടിയും സാമ്പത്തിക പിഴയുമുണ്ടാവുമെന്ന് മുന്നറിയിപ്പുമുണ്ട്.