കൊച്ചി: ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജിൽ തുടരെ തുടരെ ഹിറ്റുകളടിച്ചുവരികയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ബേസിൽ സംവിധാനം ചെയ്ത സിനിമകളിലെ നായകന്മാർ പലരും ലാർജർ ദാൻ ലൈഫ് കഥാപാത്രങ്ങളായിരുന്നുവെങ്കിലും അയാള്‍ അഭിനയിച്ച സിനിമകളിലെല്ലാം അയാള്‍ സാധാരണക്കാരായ കഥാപാത്രങ്ങളായാണ് എത്തിയത്. ചെറിയ വേഷങ്ങളിൽ അഭിനയിച്ചഭിനയിച്ച് നായകനിരയിലേക്കുയർന്നപ്പോൾ അയാള്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റോടുഹിറ്റടിച്ചു. ഇപ്പോള്‍ ബേസിൽ – നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദർശിനി’യും പ്രേക്ഷകരുടെ പ്രിയം നേടി സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. ബേസിലിന്‍റെ ആദ്യ 50 കോടി നേട്ടം എംസി സംവിധാനം ചെയ്ത ‘സൂക്ഷ്മദര്‍ശിനി’യിലൂടെയാകുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ഒന്നുകിൽ മകൻ, അല്ലെങ്കിൽ ഭർത്താവ്, അല്ലെങ്കിൽ അയലത്തെ യുവാവ് അങ്ങനെ അങ്ങനെ ഓരോ സിനിമകളിലും തുടർന്നുവന്ന പരിപാടി ഒന്ന് അടിമുടി മാറ്റിപ്പിടിച്ചിരിക്കുകയാണ് ബേസിൽ ‘സൂക്ഷ്മദർശിനി’യിൽ. ചിത്രത്തിൽ ഒരു സ്നേഹനിധിയായ മകന്‍റെ വേഷത്തിലാണെങ്കിലും ആ മകൻ ആളൊരു ചില്ലറക്കാരനല്ല. സൂക്ഷ്മദർശിനിയിലൂടെ ബേസിൽ പ്രേക്ഷകരേവരേയും ഞെട്ടിച്ചിരിക്കുകയാണ്. ബേസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചിത്രത്തിലെ മാനുവല്‍ എന്ന കഥാപാത്രം. മാനുവലിനെ ബേസിൽ സ്വതസിദ്ധമായ രീതിയില്‍ മികച്ചതായി മാറ്റിയിരിക്കുകയാണ്. അയാളുടെ ഓരോ ചലനങ്ങളിൽ പോലും വാക്കിലും നോക്കിലും മാനറിസങ്ങളിലും വരെ മാനുവലായി അയാള്‍ ജീവിക്കുകയായിരുന്നു. പ്രേക്ഷകരും ഈ മാറ്റം ഏറ്റെടുത്തുവെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍.