മണിക്കൂറുകളുടെ ഡിലേ, യാത്രക്കാരോട് മോശം പെരുമാറ്റം, അറിയിക്കാതെയുള്ള മാറ്റങ്ങള്‍ ഇവയെല്ലാം വിമാനയാത്രക്കാരെ കുറച്ചൊന്നുമല്ല വലക്കാറ്. വിമാനം സമയത്ത് എത്താത്തത് മൂലം ജോലി നഷ്ടമായതും വേണ്ടപ്പെട്ടവരെ അവസാനമായി കാണാന്‍ സാധിക്കാതെ പോയതുമായ എത്ര സംഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഇങ്ങനെ ജനങ്ങളെ ഏറ്റവും ബുദ്ധിമുട്ടിച്ച എയർലൈനുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. 2024ലെ ഏറ്റവും മോശം എയര്‍ലൈനുകളുടെയും മികച്ച എയര്‍ലൈനുകളുടെയും പട്ടിക എയര്‍ഹെല്‍പാണ് പുറത്തുവിട്ടത്. വിമാനത്തിന്റെ സയമത്തിലുണ്ടായ മാറ്റങ്ങള്‍, യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചും 54-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ടുണീഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ ടുണിസ്എയറാണ് ലോകത്തിലെ ഏറ്റവും മോശം വിമാനക്കമ്പനിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഇന്ത്യന്‍ കമ്പനിയും മോശം വിമാനക്കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലോ കോസ്റ്റ് എയര്‍ലൈനായ ഇന്‍ഡിഗോയാണ് ഇത്. ബസ്സ്, നോവല്‍എയര്‍, ബള്‍ഗേറിയ എയര്‍, എല്‍ അല്‍ ഇസ്രയേല്‍ എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ്, ടാറോം, എയര്‍ മൗറീഷ്യസ്, സ്‌കൈ എക്‌സ്പ്രസ് എന്നിവയാണ് മോശം എയര്‍ലൈനുകളുടെ പട്ടികയിലുള്ള മറ്റ് കമ്പനികള്‍.
ഡച്ച് ലുഫ്താന്‍സ എജിയുടെ ഭാഗമായ ബ്രസ്സല്‍സ് എയര്‍ലൈനാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി എയര്‍ഹെല്‍പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2018 മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഖത്തര്‍ എയര്‍വേസിനെ പിന്തള്ളിയാണ് ബ്രസ്സല്‍സ് എയര്‍ലൈന്‍ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 12-ാം സ്ഥാനത്തായിരുന്നു ബ്രസ്സല്‍സ് എയര്‍ലൈന്‍ ഉണ്ടായിരുന്നത്.
യുണൈറ്റഡ് എയര്‍ലൈനും അമേരിക്കന്‍ എയര്‍ലൈനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഈ എയര്‍ലൈനുകള്‍ എയര്‍ഹെല്‍പ് റാങ്കിങിന്റെ ടോപ് 10ല്‍ ഇടം പിടിക്കുന്നുണ്ട്. ഐസ്‌ലന്‍ഡിന്റെ പ്ലേ എയര്‍ലൈന്‍, ഓസ്ട്രിയന്‍ എയര്‍ലൈന്‍, ലോട്ട് പോളിഷ് എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, എയര്‍ സെര്‍ബിയ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മികച്ച പത്തിലെ മറ്റ് കമ്പനികള്‍.