തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണർവുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.ഇതിന് പുറമെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങളും സർക്കാർ എടുത്തു. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും. ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17.02.2017 മുതല്‍ നിയമന അംഗീകാരം നല്‍കും.