ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ സ്വകാര്യ ഇൻഷുറൻസ് കമ്പനി യുണൈറ്റഡ് ഹെൽത്തിൻ്റെ സിഇഒ ബ്രയാൻ തോംസൺ വെടിയേറ്റ് മരിച്ചു. മാൻഹാട്ടനിലെ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് വെച്ചായിരുന്നു തോംസണിന് വെടിയേറ്റത്. കമ്പനിയുടെ വാർഷിക നിക്ഷേപ സംഗമം നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു ആക്രമണം. തോംസൺ എത്തുന്നതിനായി കാത്തുനിന്ന അക്രമി പുറകിൽ നിന്ന് നിരവധ തവണ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്.തോംസണെ മാത്രം ലക്ഷ്യമിട്ടാണ് അക്രമിയെത്തിയത് എന്നാണ് പൊലീസ് അറിയിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണം നടക്കുകയാണ്. അക്രമിയുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്, മുഖവും തലയും മറച്ച് ഒരു ബാക്ക് പാക്ക് ധരിച്ചയാളാണ് അക്രമി. വെടിവെയ്ക്കുന്നതിന് തൊട്ടുമുൻപ് അടുത്തുളള സ്റ്റാർബക്സ് കോഫീഷോപ്പിൽ ഇയാൾ കാത്തിരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 2004 മുതൽ യുണൈറ്റഡ് ഇൻഷുറൻസിൻറെ ഭാഗമായ ബ്രയാൻ തോംസൺ 2021 ലാണ് സിഇഒ ആയി ചുതമലയേറ്റെടുക്കുന്നത്.
ഇന്നലെ രാവിലെ 6.40 നാണ് സംഭവം. അക്രമിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പതിനായിരം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രപ്രധനമായ നിരവധി സംഭവങ്ങൾക്ക് മാൻഹാട്ടണിലെ ഹിൽട്ടൺ ഹോട്ടൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യത്തെ കയ്യിൽ പിടിക്കാവുന്ന സെൽഫോൺ ഉപയോഗിച്ച് കോൾ ചെയ്തത് 1973ൽ ഇവിടെ താമസിച്ച ഒരു അതിഥിയായിരുന്നു. 2016ൽ അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് വിജയ പ്രസംഗം നടത്തിയത് ഇവിടെയായിരുന്നു. ജോൺ ലെനോൺ പ്രശസ്ത ആൽബം ഇമാജിൻ എന്ന വരികൾ എഴുതിയതും ഹിൽട്ടൻ ഹോട്ടലിൽ വെച്ചായിരുന്നു.