ദില്ലി : വിമാനം ടിക്കറ്റ് നിരക്ക് വർധന തടയാൻ കേന്ദ്ര സർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിടു അറിയിച്ചു. രാജ്യസഭയിൽ വ്യോമയാന ബില്ല് ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തോന്നും പോലെ ഇനി നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിമാന ടിക്കറ്റ് നിരക്ക് തോന്നും പോലെ വർധിപ്പിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാർ നീക്കം. ഭാരതീയ വായുയാൻ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വർദ്ധനവ് തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. 2010ലെ ഡിജിസിഎ സർക്കുലർ പ്രകാരം ഒരു മാസം മുൻപ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഡിജിസിഎ അറിയിക്കണം. ഇതേ സർക്കുലറിൽ തന്നെയുള്ള വ്യവസ്ഥ പ്രകാരം ഡിജി സിഐക്ക് നൽകിയ നിരക്കിൽ വിമാന കമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎ അറിയിച്ചാൽ മതിയാകും. ഈ വ്യവസ്ഥയാണ് നീക്കം ചെയ്യുന്നതെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയെ അറിയിച്ചു.