കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‍ദുള്ള അലി അൽ യഹ്യയും വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനുള്ള സംയുക്ത കമ്മീഷൻ (ജെസിസി) രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്‌കാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പുതിയ സംയുക്ത വർക്കിംഗ് ഗ്രൂപ്പുകളുടെ രൂപീകരണമാണ് കരാറില്‍ വിശദീകരിച്ചിട്ടുള്ളത്. ഈ ഗ്രൂപ്പുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ജിസിസിയുടെ കീഴിൽ പ്രവർത്തിക്കും. ഹൈഡ്രോകാർബണുകൾ, ആരോഗ്യം, കോൺസുലർ കാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വർക്കിംഗ് ഗ്രൂപ്പുകളുടെ മേൽനോട്ടം കൂടി ജിസിസി നടത്തും.