കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന സർക്കാരിന്‍റെ ഉറപ്പ് വീണ്ടും ലംഘിക്കപ്പെടുന്നു. സാധാരണക്കാരന്‍റെ ആശ്രയമായ സപ്ലെെകോയിലാണ് സർക്കാരിന്‍റെ ഇരുട്ടടി. നിത്യോപയോഗ സാധനങ്ങളായ അരി അടക്കമുള്ള സബ്‌സിഡി ഉത്‌പന്നങ്ങള്‍ക്കാണ് വില കുത്തനെ വർധിപ്പിച്ചത്.അരി, പച്ചരി, വെളിച്ചെണ്ണ, വന്‍പയര്‍ എന്നീ സബ്‌സിഡി സാധനങ്ങള്‍ക്കാണ് നിലവിൽ വില കൂട്ടിയത്. വെളിച്ചെണ്ണ ലിറ്ററിന് 20 രൂപയാണ് വർധിപ്പിച്ചത്. തേങ്ങ വില ഒരാഴ്‌ച റെക്കോർഡിൽ എത്തിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. തേങ്ങ വില വർധനവ് ചൂണ്ടിക്കാട്ടിയാണ് വെളിച്ചെണ്ണ വില കുത്തനെ കൂട്ടിയത്. എന്നാൽ തേങ്ങ വില കുറഞ്ഞാലും വെളിച്ചെണ്ണ വില അതേപടി തുടരും എന്നതാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.ജയ അരിക്ക് നാല് രൂപയും പച്ചരിക്ക് മൂന്ന് രൂപയുമാണ് കൂട്ടിയത്. വന്‍പയറിന് നാല് രൂപയും വർധിപ്പിച്ചു. ജയ അരിക്ക് മുമ്പ് കിലോയ്ക്ക് 29 രൂപയായിരുന്നു. അതാണ് 33 രൂപയായി വർധിച്ചത്. 26 രൂപയുണ്ടായിരുന്ന പച്ചരിക്ക് 29 രൂപയായി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന വന്‍പയര്‍ ഇനി വാങ്ങുമ്പോള്‍ 79 രൂപ നല്‍കണം.സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് സപ്ലൈകോയില്‍ നിലവിലുള്ളത്. അപ്പോഴാണ് വില വര്‍ധനയിലൂടെയുള്ള ഇരുട്ടടി. മൂന്ന് മാസം മുമ്പും അവശ്യ സാധനങ്ങളുടെ വില സപ്ലെെകോ കൂട്ടിയിരുന്നു. കുറുവ, മട്ട അരികളുടെ വിലയാണ് മൂന്ന് മാസം മുമ്പ് വര്‍ധിപ്പിച്ചത്. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില. അതൊന്നും കണക്കിലെടുക്കാതെയാണ് വീണ്ടും കുത്തനെയുള്ള വിലക്കയറ്റം.
സപ്ലൈകോയിൽ 500 ഗ്രാം വൻപയർ സബ്‌സിഡിയായി 41.50 രൂപയ്‌ക്കാണ് ലഭിക്കുന്നത്, സബ്‌സിഡി ഇല്ലാതെ 54.08 ആണ് വൻപയറിന്‍റെ വില. തുവര പരിപ്പിന്‍റെ സബ്‌സിഡി വില 119 രൂപയാണ്. സബ്‌സിഡി ഇല്ലാതെ 159.60 രൂപയ്‌ക്കാണ് തുവര പരിപ്പ് ലഭിക്കുക. ജയ അരിയുടെയും കുറുവ അരിയുടേയും സബ്‌സിഡി വില 33 രൂപയാണ് . സബ്‌സിഡി ഇല്ലാതെ 44 രൂപയ്‌ക്കാണ് അരി ലഭിക്കുക.500 ഗ്രാം മുളകിന് 78.76 രൂപയാണ് സബ്‌സിഡി വില. എന്നാല്‍ സബ്‌സിഡിയില്ലാതെ 83.60 രൂപയാണ്. അതേസമയം മല്ലിക്ക് 500 ഗ്രാമിന് 43.04 രൂപയും സബ്‌സിഡിയില്ലാതെ 59.11 രൂപയുമാണ് വില. പഞ്ചസാരയ്‌ക്ക് സബ്‌സിഡി വില 36.76 രൂപയും സബ്‌സിഡിയില്ലാതെ 45.10 രൂപയുമാണ്. ജയ അരിക്ക് സബ്‌സിഡി വില 33 രൂപയും സബ്‌സിഡിയില്ലാതെ 44 രൂപയുമാണ് വില. അതേസമയം മഞ്ഞ കുറുവ അരിക്ക് സബ്‌സിഡി വില 33 രൂപയും സബ്‌സിഡിയില്ലാതെ 44.50 രൂപയുമാണ് വില.ഇത് മാവേലി സ്‌റ്റോറിലെ വിലയാണ്. സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ജിഎസ്‌ടിയും പാക്കിങ് ചാർജും കൂടി ഉൾപ്പെടുമ്പോൾ 2 മുതൽ 4 രൂപ വരെ വില കൂടും.