കുവൈത്ത് സിറ്റി: വ്യാജ ബാങ്ക് രേഖകൾ ചമച്ച് പ്രാദേശിക ബാങ്കിൽ നിന്ന് 4 മില്യൺ കുവൈത്തി ദിനാർ തട്ടിപ്പ് നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്ന് ഒരു വ്യവസായിയെയും അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉപദേഷ്ടാവിനേയും ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. അജ്ഞാതനായ ഒരാളുമായി ചേർന്ന് ഇരുവരും ചേർന്ന് റിയൽ എസ്റ്റേറ്റ് അപ്രൈസൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിക്കുകയും പണം തട്ടിയെടുക്കാൻ വഞ്ചനാപരമായ പ്രവർത്തികൾ ചെയ്തെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂഷൻ ആരോപണം. എന്നാൽ, ഇത് ബാങ്ക് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരുടെ പദ്ധതികൾ പൊളിഞ്ഞു. വ്യാജ വിവരങ്ങൾ ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട് ആധികാരിക ബാങ്ക് രേഖകൾ അനുകരിക്കുകയും ബാങ്ക് ജീവനക്കാരുടെ വ്യാജ ഒപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. നാല് മില്യൺ ദിനാർ ക്ലെയിം ചെയ്യാനുള്ള വഞ്ചനാപരമായ പദ്ധതിയുടെ ഭാഗമായാണ് വ്യാജരേഖ ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.