കുവൈത്ത് സിറ്റി: അടുത്ത ഫെബ്രുവരിയിൽ അന്താരാഷ്ട്ര ഫുട്‌ബോൾ ഫോർ പീസ് ഇൻ കുവൈത്ത് – ലാൻഡ് ഓഫ് ഫ്രണ്ട്‌ഷിപ്പ് ആൻഡ് പീസ് സംരംഭം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രാലയം ആതിഥേയത്വം വഹിച്ച തയ്യാറെടുപ്പ് യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി (കെആർസിഎസ്), കുവൈത്തിലെ ഐക്യരാഷ്ട്രസഭ എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സംരംഭം, മാനുഷിക നയതന്ത്രം പ്രചരിപ്പിക്കാനും കായിക മേഖലയിലൂടെ ആളുകളെ ഒന്നിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സണും അൽനോവൈർ ഇനിഷ്യേറ്റീവ് ചെയർപേഴ്സണുമായ ഷെയ്ഖ ഇൻതിസാർ സലേം അൽ അലി അൽ സബാഹ് പറഞ്ഞു. കുവൈത്തിലെ വിവിധ ഫുട്ബോൾ അക്കാദമികളെയും സംരംഭത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന യുവ ടീമുകൾ തമ്മിലുള്ള സൗഹൃദ ഗെയിമുകളുടെ ഒരു പരമ്പരയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയും പങ്കെടുക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ്.