കുവൈത്ത്സിറ്റി: 2,162 പേരുടെ കുവൈത്തി പൗരത്വം റദ്ദാക്കാൻ തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേതൃത്വത്തിൽ ചേർന്ന നാഷണാലിറ്റി സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ശ്രദ്ധാപൂർവം പഠിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി അവ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അവലോകനത്തിനും പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. തുടർന്നാണ് അവ അന്തിമ തീരുമാനം എടുക്കുന്നതിനായി മന്ത്രിസഭയ്ക്ക് മുന്നിൽ വയ്ക്കുന്നത്. ഓഗസ്റ്റ് 29 മുതൽ ഡിസംബർ 5 വരെയുള്ള 99 ദിവസങ്ങളിൽ ദേശീയത പിൻവലിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ എണ്ണം 9,132 കേസുകളിൽ എത്തി. അതിൽ ഭൂരിഭാഗവും സ്ത്രീകളാണ്.