കുവൈത്ത്സിറ്റി: ലോകം പ്രതിദിനം ഏകദേശം 100 ദശലക്ഷം ബാരൽ എണ്ണ ഉപയോഗിക്കുന്നതിനാല്‍ കുവൈത്ത് ഓയിലിന് ഇപ്പോഴും ആവശ്യക്കാരേറെ. കുറഞ്ഞത് അടുത്ത 25 വർഷം, 2050 വരെ ഇത് തുടരുമെന്നാണ് വിലയിരുത്തല്‍. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ജനസംഖ്യാ വർധനവ് 7.5-ൽ നിന്ന് 10 ബില്യൺ ആയി ഉയരുന്നതിനാൽ ഊർജത്തിന്‍റെ ആവശ്യം ഇപ്പോഴുള്ളതിനേക്കാൾ 50 ശതമാനം വർധിക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സിഇഒ ഷെയ്ഖ് നവാഫ് അൽ സൗദ് പറഞ്ഞു. ആഗോളതലത്തിൽ നോക്കുമ്പോൾ കുവൈത്തി എണ്ണ ഉൽപ്പാദിപ്പിക്കുന്നതിന് ചെലവ് കുറവാണ്. മാത്രമല്ല ആഗോളതലത്തിൽ കുറച്ച് കാർബൺ ഡൈ ഓക്സൈഡ് മാത്രമാണ് പുറന്തള്ളുന്നത്. കുവൈത്ത് ബജറ്റിലെയും സമ്പദ്‌വ്യവസ്ഥയിലെയും പ്രധാന അച്ചുതണ്ടായി എണ്ണ മാറിയതില്‍ അഭിമാനമുണ്ട്. എണ്ണ വരുമാനം രാജ്യത്തിന്‍റെ പൊതു ബജറ്റിൻ്റെ 90 ശതമാനവും മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ 50 ശതമാനവും ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും മികച്ച 3 റിഫൈനറികൾ ഉള്ളതിനാൽ പെട്രോകെമിക്കലുകളിൽ നിക്ഷേപം തുടരും. കൂടാതെ പ്രതിദിനം 1.4 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.