ദുബായ്: ദുബായ്: ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശ് അണ്ടര്‍ 19 ഏഷ്യാ കപ്പ് നിലനിര്‍ത്തി. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 59 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 35.2 ഓവറില്‍ 139 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍, രണ്ട് വീതം വിക്കറ്റ് നേടിയ അല്‍ ഫഹദ്, അസീസുള്‍ ഹഖീം എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 26 റണ്‍സ് നേടിയ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് റിസാന്‍ ഹൊസ്സന്‍ (47), മുഹമ്മദ് ഷിഹാബ് ജെയിംസ് (40) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ആയുഷ് മാത്രെയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സഹഓപ്പണര്‍ വൈഭവ് (9) മടങ്ങി. ഇതോടെ രണ്ടിന് 24 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ആന്ദ്രേ സിദ്ധാര്‍ത്ഥ് (20) അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ റിസാന്റെ പന്തില്‍ സിദ്ധാര്‍ത്ഥ് ബൗള്‍ഡായി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലുമായി. കാര്‍ത്തികേയ – അമാന്‍ സഖ്യത്തിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ കാര്‍ത്തികേയയെ (21) പുറത്താക്കി ഇമോന്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നിഖില്‍ കുമാര്‍ (0), ഹര്‍വന്‍ഷ് സിംഗ് (6), കിരണ്‍ ചൊര്‍മാലെ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഏഴിന് 92 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ക്യാപ്റ്റനും മടങ്ങി. ഹാര്‍ദിക് രാജ് (24), ചേതന്‍ ശര്‍മ (10) എന്നിവരേയും മടക്കിയതോടെ ബംഗ്ലാദേശ് യുവനിര വിജയമുറപ്പിച്ചു.