കുവൈത്ത്സിറ്റി: രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്ന് കുവൈത്ത് ഫയർഫോഴ്‌സ് ചീഫ് മേജർ ജനറൽ തലാൽ അൽ റൗമി. നിയമലംഘനങ്ങൾ, കാലാവധി കഴിഞ്ഞ ലൈസൻസുകൾ, ലൈസൻസില്ലാത്ത കെട്ടിടങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി എല്ലാ മേഖലകളിലും കര്‍ശനമായ പരിശോധനകൾ നടത്തും. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടുത്തി ചൊവ്വാഴ്ച പരിശോധന നടന്നതായും അദ്ദേഹം അറിയിച്ചു.ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ക്യാമ്പയിനില്‍ 45 അഗ്നിശമന സേനാംഗങ്ങൾ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രദേശവുമായി ബന്ധപ്പെട്ട എല്ലാ പ്ലോട്ടുകൾ, വെയർഹൗസുകൾ, കടകൾ എന്നിവിടങ്ങളിലെ അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമായി പ്രദേശത്തുടനീളം പ്രവര്‍ത്തിച്ചു. ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും ക്യാമ്പയിനുകൾ ദിവസവും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.