മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിരവധി പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ ആദ്യത്തെ സിനിമയാണ് ഫാന്റസി പീരീഡ് ചിത്രമായ ‘ബറോസ്’. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഫാന്റസി ഴോണറിൽ ഒരുങ്ങിയിരിക്കുന്ന സിനിമയുടെ 3D വേർഷൻ മാത്രമാകും തിയേറ്ററിൽ എത്തുന്നതെന്നും സിനിമയുടെ 2D വേർഷൻ റിലീസിന് ഉണ്ടാകില്ലെന്നുമാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്വൽസിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമയായതിനാൽ 3D വേർഷൻ സിനിമയെ കൂടുതൽ മികച്ചതാക്കി കാഴ്ചക്കാരിലേക്ക് എത്തിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു അതിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്.കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.