കാലിഫോര്‍ണിയ: ആഗോളവ്യാപകമായി വീണ്ടും മണിക്കൂറുകളോളം പണിമുടക്കി മെറ്റ പ്ലാറ്റ്‌ഫോമുകള്‍. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ അർദ്ധരാത്രി മുതൽ ഇന്ന് പുലര്‍ച്ചെ വരെയാണ് പണിമുടക്കിയത്. ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ മെറ്റ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ആപ്പുകൾ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മെറ്റ ഉടമസ്ഥനായ മാര്‍ക് സക്കര്‍ബര്‍ഗിന് ട്രോളുകള്‍ അവസാനിക്കുന്നില്ല.എക്‌സ് ഉടമസ്ഥനായ ഇലോണ്‍ മസ്‌കിനെയും മാര്‍ക് സക്കര്‍ബര്‍ഗിനെയും താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍. മെറ്റയോടുളള വിയോജിപ്പുകളും കുറവല്ല. ആപ്പുകള്‍ക്ക് തകരാറുണ്ടെന്ന് പറയാന്‍ എക്സിലെത്തിയ മെറ്റയെ അഭിനന്ദിക്കാനും ചിലര്‍ മറന്നില്ല. ദിവസങ്ങളായി ഫെയസ്ബുക്ക് പലയിടങ്ങളിലും പണിമുടക്ക് തുടങ്ങിയെന്നാണ് ഓട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസേജ് അയക്കാൻ സാധിക്കാതിരിക്കുക, ലോഗ് ഇന്‍ ചെയ്യാന്‍ പറ്റാത്തതുമൊക്കെ തുടക്കത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഡെസ്ക്ടോപ്പിലും മൊബൈല്‍ പതിപ്പിലും തകരാറുകൾ ഉണ്ടായിരുന്നതായി അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.