കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള ഹൈവേകളുടെയും ഉൾ റോഡുകളുടെയും സമഗ്രമായ നവീകരണത്തിനുള്ള പുതിയ കരാറുകളുടെ ഭാഗമായി ഫർവാനിയ ഗവർണറേറ്റിൽ വിപുലമായ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ വിവിധ മേഖലകളിലായി 18 പ്രധാന അറ്റകുറ്റപ്പണികൾ ഈ കരാറുകളിൽ ഉൾപ്പെടുന്നു. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ തുടങ്ങി ഫർവാനിയയിലെ റോഡുകളുടെ സമൂലമായ അറ്റകുറ്റപ്പണികൾ മന്ത്രാലയം ആരംഭിച്ചതായി ഡോ. അൽ മഷാൻ സ്ഥിരീകരിച്ചു.ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് മുമ്പ് ടീമുകൾ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. മഴക്കാലത്തെ തയ്യാറെടുപ്പുകൾക്കായി മഴവെള്ള ഡ്രെയിനേജ് ലൈനുകൾ വൃത്തിയാക്കുന്നതും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നതും ഗതാഗത തടസം ഒഴിവാക്കുന്ന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളിൽ ഉൾപ്പെടുന്നു. ഫർവാനിയയിലെ ഏറ്റവും കൂടുതൽ പ്രശ്നബാധിച്ച പ്രദേശങ്ങളിലാണ് അറ്റകുറ്റപ്പണികൾ ആദ്യം ആരംഭിക്കുന്നത്. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.