കുവൈത്ത് സിറ്റി: കുവൈത്തിലെ പൊണ്ണത്തടിയുള്ളവരുടെ എണ്ണം സമീപ വർഷങ്ങളിൽ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നായി മാറുന്നു. അറബ് ലോകത്ത് ഏറ്റവും ഉയർന്ന പൊണ്ണത്തടി നിരക്ക് കുവൈത്തിലാണ്. ജനസംഖ്യയുടെ 77 ശതമാനവും അമിതഭാരമുള്ളവരാണ്. മേഖലയിലും കുവൈത്ത് തന്നെയാണ് ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. കുവൈത്തിലെ 77.9 ശതമാനം ആളുകളും അമിതഭാരമുള്ളവരാണെന്നുള്ളതാണ് ഞെട്ടിക്കുന്ന കണക്കുകൾ. കൂടാതെ അഞ്ച് മുതൽ 19 വയസ്സുവരെയുള്ളവർക്കിടയിലെ നിരക്ക് 23 മുതൽ 26.9 ശതമാനം വരെയാണ്. ഈ സംഖ്യകൾ ഭാവി തലമുറയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന കണക്കാണ് നൽകുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പോഷകാഹാരക്കുറവ്, ജനിതക ഘടകങ്ങളുടെ ആഘാതം എന്നിവയുൾപ്പെടെ കുവൈത്തിലെ അമിതവണ്ണത്തിൻ്റെ ഈ ഭയാനകമായ വർദ്ധനവിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്. വ്യായാമക്കുറവും ഉദാസീനമായ ജീവിതശൈലിയും ഈ പ്രശ്‌നത്തിന് വളരെയധികം കാരണമായിട്ടുണ്ട്.