കുവൈത്ത് സിറ്റി: ഹെവി ഓയിൽ ഉൽപ്പാദനം പ്രതിദിനം 90,000 ബാരലിലെത്തിയതായി കുവൈത്ത് ഓയിൽ കമ്പനി (കെഒസി). ഇത് നോർത്ത്, വെസ്റ്റ് കുവൈത്ത് ഡയറക്ടറേറ്റിന് വലിയ നേട്ടമാണെന്ന് നോർത്ത് ആൻഡ് വെസ്റ്റ് കുവൈത്ത് ഡെപ്യൂട്ടി സിഇഒ ഇസ അൽമരാഗി പറഞ്ഞു, കമ്പനിയുടെ ചരിത്രത്തിൽ അഭൂതപൂർവമായ ഉൽപ്പാദന വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ബുദ്ധിമുട്ടുള്ള ഹെവി എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും നേരിടുന്ന വലിയ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമായി അദ്ദേഹം വിശേഷിപ്പിച്ചു.2025 രണ്ടാം പാദത്തോടെ പ്രതിദിനം 100,000 ബാരൽ ഉൽപ്പാദന നിലവാരത്തിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എണ്ണ ഉൽപ്പാദനം കൂടുതൽ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അൽ മരാഗി സ്ഥിരീകരിച്ചു. വടക്കൻ കുവൈത്തിലെ റത്ഖ ഫീൽഡിലെ പ്രധാന പദ്ധതികളുടെ പൂർത്തീകരണം ത്വരിതപ്പെടുത്തുന്നു. ഹെവി ഓയിൽ പദ്ധതിയിൽ കെഒസിയും ഷെൽ ഇൻ്റർനാഷണലും തമ്മിലുള്ള സംയുക്ത സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. മികച്ച രീതികൾ സ്വീകരിക്കുകയും നൂതനമായ സംരംഭങ്ങൾ നടപ്പിലാക്കുകയും ചെയ്ത അവരുടെ നൂതന സാങ്കേതിക സേവന കരാര്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശംസ.




















