ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരം ഇന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്ന് (ഡിസംബർ 28) രാവിലെ 11.45ന് നിഗംബോധ്ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 9.30 ഓടെ എഐസിസി ആസ്ഥാനത്ത് നിന്ന് ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശിൽപിയായിരുന്ന മൻമോഹൻ സിങ് വ്യാഴാഴ്‌ച രാത്രി ന്യൂഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. അദ്ദേഹം 2004ല മുതൽ 2014 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരുന്നു. ശ്വാസസംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. രാഷ്‌ട്രീയ പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്.
മൻമോഹൻ സിങ്ങിന് ആദരസൂചകമായി കേന്ദ്ര സർക്കാർ വ്യാഴാഴ്‌ച ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11:45ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സിങ്ങിൻ്റെ അന്ത്യകർമങ്ങൾ നടത്തുമെന്ന് എംഎച്ച്എ അറിയിച്ചു.
2004 മേയ് 22ന് ആണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് നീണ്ട പത്തുവർഷം മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെൻ്റ് ഗ്യാരണ്ടി – എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിൻ്റെ കാലത്തായിരുന്നു.