റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ക്ലാസിക് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഒലീവിയ ഹസി അന്തരിച്ചു. 74 വയസായിരുന്നു. കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പഠനകാലത്ത് തന്നെ ഇറ്റാലിയ കോന്റി നാടക അക്കാദമിയില്‍ ചേരുകയും അഭിനയജീവിതം ആരംഭിക്കുകയും ചെയ്ത ഒലീവിയ പിന്നീട് ടെലിവിഷന്‍ ഷോകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ‘ദ ബാറ്റില്‍ ഓഫ് വില്ല ഫിയോറീത്ത’യിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഫ്രാങ്കേ സെഫിരെല്ലി സംവിധാനം ചെയ്ത ‘റോമിയോ ആന്റ് ജൂലിയറ്റാ’ണ് ഒലീവിയയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സംവിധായകന്‍ ഒലീവിയയെ തെരഞ്ഞെടുത്തത്. ലിയോനാര്‍ഡ് വൈറ്റിങ് ആയിരുന്നു ചിത്രത്തില്‍ റോമിയോയുടെ വേഷത്തില്‍. 1968-ല്‍ റിലീസ് ചെയ്ത ചിത്രം വന്‍വിജയമായി. മികച്ച ഛായാഗ്രഹണത്തിനും മികച്ച കോസ്റ്റ്യൂം ഡിസൈനിനുമുള്ള ഓസ്‌കർ പുരസ്‌കാരം നേടുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖതാരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഒലീവിയയും ലിയോനാര്‍ഡ് വൈറ്റിങും സ്വന്തമാക്കി.