എറണാകുളം: നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നതായി സേവ് നിമിഷ പ്രിയ ഫോറം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശക്തമായ ഇടപെടൽ മാത്രമാണ് ഈ ഘട്ടത്തിൽ ഗുണം ചെയ്യുകയെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷമായി നിമിഷയുടെ മോചനത്തിനായി ശ്രമിക്കുകയാണ്. അത് ഇപ്പോഴും തുടരുകയാണെന്ന് സേവ് നിമിഷ പ്രിയ ഫോറം കൺവീനർ ബാബു ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.യെമനിലെ അഭിഭാഷകന് മുൻകൂർ ചർച്ചക്ക് വേണ്ടി നൽകാനുള്ള ചെലവിൻ്റെ രണ്ടാം ഗഡു ആയ 20,000 ഡോളർ ഇന്ത്യൻ എംബസിക്കു കഴിഞ്ഞ ഇരുപത്തിയേഴാം തീയതി അയച്ചു നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ തുടർ നീക്കങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണയായി 40,000 ഡോളർ നൽകിയത് മുൻകൂർ ചർച്ചകൾക്ക് വേണ്ടിയാണന്നും ബാബു ജോൺ വിശദീകരിച്ചു.2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യെമൻ പൗരനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012ലാണ് നിമിഷപ്രിയ വീണ്ടും യെമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യെമനിൽ ജോലിക്കായി എത്തിയിരുന്നു. യെമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ട്‌ണർഷിപ്പിൽ ക്ലിനിക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്.ക്ലിനിക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യെമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ യെമൻ പൗരൻ്റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികവുമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു.ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപെട്ടത്. എന്നാൽ പൊലീസ് പിടികൂടി ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ തലാലിൻ്റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷക്ക് കഴിഞ്ഞില്ല.ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷക്കും യമനി വനിതയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്. ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. ഏറ്റവും അവസാനമായി യെമൻ പ്രസിഡൻ്റ് വധശിക്ഷക്ക് അനുമതി നൽകിയതാണ് കാര്യങ്ങൾ കൂടുതൽ ഗൗരവമായ സാഹചര്യത്തിലെത്തിച്ചത്.കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇനി നിമിഷ പ്രിയക്ക് സാധിക്കൂ. ഇതിനായി നഷ്‌ടപരിഹാരമായി ‘ദിയാധനം’ നൽകി മോചിപ്പിക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചന ശ്രമത്തിനായി മാസങ്ങളായി യെമനിൽ തുടരുകയാണ്. അവർ ജയിലിലെത്തി മകളെ സന്ദർശിച്ചിരുന്നു. മകളെ രക്ഷിക്കാൻ സാഹായിക്കണമെന്ന് കഴിഞ്ഞ ദിവസവും അവർ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.