ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിന് മുന്നോടിയായി ബാറ്റിങ് പരിശീലനത്തിനിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രോഹിത് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങിയത്. രോഹിത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രോഹിത് ശര്‍മയുടെ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. സിഡ്‌നി ടെസ്റ്റില്‍ രോഹിത് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമായ സൂചന നല്‍കിയിട്ടില്ല. ജനുവരി മൂന്നിന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍, പതിവിന് വിപരീതമായി ക്യാപ്റ്റനില്ലാതെ കോച്ച് ഗംഭീര്‍ മാത്രം എത്തിയതും രോഹിത്തിന്‍റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നുകഴിഞ്ഞു.ഇതിനെല്ലാം ഇടയിലാണ് രോഹിത് പരിശീലനത്തിനിറങ്ങിയത്. സിഡ്നിയിലെ ആദ്യ പരിശീലന സെഷനില്‍ രോഹിത് പങ്കെടുത്തിരുന്നില്ല. സ്ലിപ്പ് ഫീല്‍ഡിങ് പരിശീലനത്തില്‍ നിന്ന് രോഹിത് വിട്ടുനിന്നതോടെയാണ് രോഹിത് അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്. എന്നാല്‍ രോഹിത് ശര്‍മ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയതോടെ രോഹിത് കളിച്ചേക്കാം എന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.