തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം ടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി ആർ അനിൽ, കെ രാജൻ, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്‍റെ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതു വിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജി എച്ച് എസ് എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘ നൃത്തവും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമാണ്