പുത്തന്‍ ആശയങ്ങളുടെയും ട്രെന്‍ഡുകളുടെയും വരവ് അറിയിച്ചുകൊണ്ട് എത്തുന്ന 2025നൊപ്പം ലോകത്തേക്ക് പ്രവേശിക്കുകയാണ് ജെന്‍ ബീറ്റയും. 2025 മുതല്‍ 2039 വരെയുള്ള കാലയളവില്‍ ജനിക്കുന്ന കുട്ടികളെയാണ് ജെന്‍ ബീറ്റയെന്ന് വിശേഷിപ്പിക്കുന്നത്.ജെനറേഷന്‍ ആല്‍ഫയുടെ പിന്‍ഗാമികളായ ഇവര്‍ ജനിച്ചുവീഴുന്നത് മുന്‍തലമുറയില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെയും കഴിവുകളോടെയും പെരുമാറ്റ രീതികളോടെയും ആയിരക്കും. അതുകൊണ്ടുതന്നെ ഈ പുത്തന്‍തലമുറയെ വാര്‍ത്തെടുക്കുന്ന പഴയ തലമുറയിലെ രക്ഷിതാക്കള്‍ അല്പം പാടുപെട്ടേക്കാം.
ജെന്‍ ബീറ്റയുമായി ഏറെ അടുത്ത് നില്‍ക്കുന്ന ആല്‍ഫയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരായിരിക്കും ബീറ്റ കുട്ടികളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി അറിയുന്നവരായിരിക്കും ബീറ്റ കുട്ടികളുടെ മാതാപിതാക്കള്‍. സ്വാഭാവികമായും ആ സവിശേഷതകള്‍ ഈ കുട്ടികളിലേക്കും പകര്‍ന്നു കിട്ടും. ആല്‍ഫ കുട്ടികളെ പോലെ നിയന്ത്രണമില്ലാതെ മൊബൈല്‍ നോക്കി ഇരിക്കുന്നവരായിരിക്കില്ല ഇവരെന്നും വിദഗ്ധര്‍ പറയുന്നു. സ്‌ക്രീന്‍ ടൈം എത്രത്തോളമാകാം എന്നതില്‍ കൃത്യത ഉള്ളവരായിരിക്കും ഇവര്‍.
ആല്‍ഫ, ബീറ്റ തലമുറയിലെ കുട്ടികളെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. പ്രലോഭനങ്ങളുടെ ഒരു വലിയ ലോകമാണ് ഒരു ക്ലിക്കിന്റെ അകലത്തില്‍ അവര്‍ക്ക് മുന്നിലുള്ളത്. കുട്ടികളുമായി തുറന്നുസംസാരിക്കാനും മറ്റു കായിക വിനോദങ്ങളും ലസര്‍ഗാത്മക മേഖലകളും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണം. ലക്ഷ്യങ്ങള്‍ രൂപീകരിക്കാന്‍, സാമൂഹിക ഇടപെടലുകളും നൈപുണ്യങ്ങളും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള വഴികള്‍ ചൂണ്ടിക്കാണിക്കണം. കഠിനാധ്വാനത്തിന്റെ പ്രാധാന്യം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. ഒപ്പമുള്ളവരുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കാനുള്ള മനസ്സ് അവരില്‍ വളര്‍ത്തിയെടുക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം