അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി അവസാനവട്ട നിർണായക ചർച്ചകൾക്കായാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിലെത്തുന്നത് എന്നാണ് വിവരം. ഇന്ത്യ – അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സള്ളിവന്റെ സന്ദർശനം . ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായിട്ടാകും അദ്ദേഹം പ്രധാനമായും ചർച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡോവലിന് പുറമെ ഉന്നത ഉദ്യോഗസ്ഥരുമായും സള്ളിവൻ ചർച്ച നടത്തിയേക്കും. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ വിപുലമായ ചർച്ചകൾ 2 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും.നിർണ്ണായക സാങ്കേതിക വിദ്യകളിൽ അമേരിക്ക-ഇന്ത്യ ഇനിഷ്യേറ്റീവ് ചർച്ചകൾക്കായാണ് ജേക്ക് സള്ളീവൻ ഇന്ത്യ സന്ദർശിക്കുന്നത്. നിർണ്ണായക സാങ്കേതിക വിദ്യകളുടെ വികസനത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും ചേർന്ന് 2023 ജനുവരിയിൽ വാഷിംഗ്ടണിൽ ഈ സംരംഭം ആരംഭിച്ചതിന് ശേഷം മൂന്നാം ഘട്ട ചർച്ചകളായിരിക്കും ന്യൂഡൽഹിയിൽ നടക്കുക.
















