രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു.രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുക. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ മരണ കാരണമാകാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.
















