കുവൈത്ത് സിറ്റി: രാജ്യത്തെ വില നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ സംഭരണം വികസിപ്പിക്കുന്നതിനും ഊർജിത ശ്രമങ്ങൾ. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീലും സാമൂഹിക-ബാല്യകാര്യ മന്ത്രി ഡോ. അംതൽ അൽ-ഹുവൈലയും ബുധനാഴ്ച ഒരു യോഗം ചേരുകയും സഹകരണം ചർച്ച ചെയ്യുകയും ചെയ്തു. കോഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷനിൽ ഉൽപ്പന്ന വില നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിനെ പിന്തുണയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനും യോഗത്തിൽ സഹകരിക്കാൻ ധാരണയായതായി വാണിജ്യ മന്ത്രാലയം പറഞ്ഞു.രാഷ്ട്രീയ നേതൃത്വത്തിൻ്റെ നിർദേശങ്ങളെ അടിസ്ഥാനമാക്കി, വിപണി നിരീക്ഷണത്തിൻ്റെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷയെയും വിപണി സ്ഥിരതയെയും പിന്തുണയ്ക്കുന്ന ഇൻവെൻ്ററി മാനേജ്‌മെൻ്റ് സ്ട്രാറ്റജികൾ വികസിപ്പിക്കുന്നതിനും യോഗത്തിൽ ധാരണയായതായി മന്ത്രാലയം കൂട്ടിച്ചേർത്തു.