കുവൈത്ത് സിറ്റി: കഷാനിയയിലെ സുരക്ഷാ വേട്ടയിൽ ബിദൂൺ സ്വദേശിയായ യുവാവിന്‍റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പങ്കുള്ളതായി ആരോപിക്കപ്പെട്ട ഒരു കേണൽ, ലെഫ്റ്റനൻ്റ് കേണൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവര്‍ക്ക് യാത്രാ വിലക്ക്. 500 കുവൈത്തി ദിനാര്‍ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അവരെയും മറ്റ് ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. വാഹനം മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. എന്നാൽ, മരിച്ചയാളുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.