കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി മാൻപവർ അതോറിറ്റി ക്യാമ്പയിൻ ആരംഭിച്ചു. ഇരു കക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിലുടമകൾ അതോറിറ്റി തയ്യാറാക്കിയ സ്റ്റാൻഡേർഡ് റിക്രൂട്ട്‌മെൻ്റ് കരാർ പാലിക്കേണ്ടതുണ്ട്. കൂടാതെ തൊഴിൽ റിക്രൂട്ട്‌മെൻ്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റ് തൊഴിലുടമകളിലേക്ക് മാറ്റുന്നത് പോലുള്ള അനധികൃത നടപടികൾ ഒഴിവാക്കണം.ആറ് മാസത്തെ വാറന്‍റി കാലയളവിനുള്ളിൽ ഇത്തരം കൈമാറ്റങ്ങൾ വാറന്‍റി അസാധുവാകുന്നതിന് കാരണമാകും. ലൈസൻസുള്ള റിക്രൂട്ട്‌മെൻ്റ് ഓഫീസുകളിൽ നിന്ന് നോട്ടറൈസ്ഡ് കരാറുകളോ പേയ്‌മെൻ്റ് രസീതുകളോ ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കുകയും ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് വാട്സ് ആപ്പ് അല്ലെങ്കിൽ സ്നാപ് ചാറ്റ് പോലുള്ള അനൗപചാരിക ചാനലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. .