കുവൈത്ത് സിറ്റി: ഈ വർഷം നിയമലംഘനം നടത്തിയ 1,000 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയെന്ന് ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി. വാടകയ്‌ക്കെടുക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിനോ സ്വത്തിനോ ഫയർ ഫോഴ്‌സിൻ്റെ ലൈസൻസ് ഉണ്ടെന്നും അത് എല്ലാ അഗ്നിശമന മാനദണ്ഡങ്ങളും അംഗീകൃത സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉടമകളോടും വാടകക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷം ആദ്യം മുതൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ഫയർഫോഴ്‌സ് ഇന്നലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ പരിശോധനാ പര്യടനം നടത്തി. ഈ വർഷം നടത്തിയ പരിശോധനകളുടെ ഫലമായി ഈ മാസം മാത്രം 300 അടച്ചുപൂട്ടൽ അറിയിപ്പുകൾ നൽകിയട്ടുണ്ട്. ഉടമകൾ ഗുരുതരമായ ലംഘനങ്ങൾ നടത്തിയതിനാൽ 1,000 വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലും ദിവസവും പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.