കേസ് പിന്‍വലിക്കാന്‍ തയ്യാര്‍, ഭാര്യ മരിച്ചതില്‍ അല്ലുവിന് ഒരു ബന്ധവുമില്ല; മരിച്ച സ്ത്രീയുടെ ഭര്‍ത്താവ്

0
6

ഹൈദരാബാദ്: അല്ലു അര്‍ജുനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നും തന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ അല്ലു അര്‍ജുന് ഒരു ബന്ധവുമില്ലെന്നും ഭാസ്‌കര്‍ പറഞ്ഞു.രേവതിയുടെ മരണത്തെത്തുടര്‍ന്ന് കുടുംബം പരാതി നല്‍കിയതോടെയാണ് അല്ലു അര്‍ജുനെതിരെ നടപടിയെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് നമ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അവകാശവാദവുമായി അപകടം നടന്ന സന്ധ്യ തിയറ്റര്‍ രംഗത്തെത്തി. അല്ലു അര്‍ജുന്‍ വരുന്നത് സന്ധ്യ തിയേറ്റര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് മാനേജ്മെന്റ് പറഞ്ഞു. നടന്‍ പ്രീമിയര്‍ ഷോക്ക് വരുന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് സന്ധ്യ തിയേറ്ററിന്റെ വാദം.ഡിസംബര്‍ രണ്ടിന് ആയിരുന്നു മാനേജ്മെന്റ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്തിന്റെ പകര്‍പ്പ് പുറത്ത് വിട്ടു. ഡിസംബര്‍ 4,5 തിയ്യതികളില്‍ കൂടുതല്‍ പൊലീസ് വിന്യാസം ആവശ്യപ്പെട്ടുവെന്നും തിയേറ്റര്‍ മാനേജ്മെന്റ് പറയുന്നു. പുറത്ത് വിട്ട കത്തില്‍ പേന കൊണ്ട് എഴുതിയ തരത്തിലാണ് തിയ്യതിയുള്ളത്. കത്തിന്റെ ആധികാരികത പരിശോധിക്കുന്നേയുള്ളൂ.ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Previous articleവിസ വെബ്‌സൈറ്റിൽ അപ്ഡേറ്റുകൾ; ഓൺലൈനായി വിസ ലഭിക്കുന്നത് സു​ഗമമാകും
Next articleഇന്ത്യയില്‍ നിന്ന് മൂന്ന് പേർ, അതിലൊന്നാമത് നിർമ്മല സീതാരാമൻ; ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയുമായി ഫോബ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here