കുവൈത്ത് സിറ്റി: കുവൈത്തും യുഎസും തമ്മിലുള്ള സുപ്രധാന ചർച്ചകളുടെ ആറാമത്തെ റൗണ്ട് ഡിസംബർ 9 മുതൽ 11 വരെ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവും ആഴത്തിലുള്ളതുമായ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ധാരണയ്ക്കാണ് ചർച്ച ഊന്നൽ നൽകിയത്. കുവൈത്തും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം പ്രാദേശിക സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവയിലെ പൊതു താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.കുവൈത്തിന്റെ സുരക്ഷയിൽ തങ്ങളുടെ പ്രതിബദ്ധത യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സ്ഥിരീകരിച്ചു. പ്രതിരോധം, സൈബർ സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യ വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനം, ഗതാഗത സൗകര്യം, വിദ്യാഭ്യാസ സാംസ്കാരിക പങ്കാളിത്തം, മനുഷ്യാവകാശം, സ്ത്രീ ശാക്തീകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തുവെന്ന് സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും അറിയിച്ചു.