കുവൈത്ത്സിറ്റി: ഗൾഫ് കപ്പിൽ അവസാന നിമിഷം നേടിയ ഗോളിലൂടെ യുഎഇയെ തോൽപ്പിച്ച് കുവൈത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കുവൈത്തിന്റെ വിജയം. ഗൾഫ് കപ്പിന്റെ രണ്ടാം റൗണ്ടിൽ മുഹമ്മദ് ദഹാം (17), മൊഅത് അൽ എനെസി (90) എന്നിവരാണ് കുവൈത്തിനായി ഗോളുകൾ നേടിയത്. യുഎഇക്കായി കാലോ കനേഡോ ആശ്വാസ ഗോൾ കണ്ടെത്തി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ മൊഅത് അൽ എനെസി 90-ാം മിനിറ്റിൽ നേടിയ ഗോളാണ് കുവൈത്തിന് നിർണായക വിജയം സമ്മാനിച്ചത്. ഇതോടെ രണ്ട് കളികളിൽ ഒരു വിജയവുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ്. ഖത്തറിനെ തോൽപ്പിക്കുകയും കുവൈത്തുമായി സമനില വഴങ്ങുകയും ചെയ്ത ഒമാൻ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിൽ കുവൈത്ത് വെള്ളിയാഴ്ച ഖത്തറിനെ നേരിടും. യുഎഇയും ഒമാനും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു മത്സരം. ഒമാനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയ ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് കുവൈത്ത് രണ്ടാം മത്സരത്തിന് ഇറങ്ങിയത്.



















