തിരുവനന്തപുരം: കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിക്കുന്ന കണ്ണാടി പാലത്തിന്‍റെ ഉദ്‌ഘാടനം ഇന്ന് (ഡിസംബര്‍ 30). വൈകിട്ട് 4.30ഓടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പാലത്തിന്‍റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുക. കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചിട്ട് ഇന്നത്തേക്ക് 25 വര്‍ഷം തികയുകയാണ്. പ്രതിമയുടെ രജത ജൂബിലി ആഘോഷിക്കാന്‍ തമിഴ്‌നാട് നേരത്തെ തിരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഉദ്‌ഘാടനവും നടക്കുന്നത്.
72 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്‍റെ നിര്‍മാണം. 37 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാന ഹൈവേ വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. സന്ദര്‍ശകര്‍ ഏറെയെത്തുന്ന ഇവിടേക്ക് പ്രതികൂല കാലാവസ്ഥയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവയ്‌ക്കാറുണ്ട്. ഇത് ടൂറിസത്തിന് വലിയൊരു തിരിച്ചടിയായിരുന്നു. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് തിരുവള്ളുവര്‍ പ്രതിമയെയും വിവേകാനന്ദ പാറയെയും ബന്ധിപ്പിച്ച് കണ്ണാടി പാലം നിര്‍മിച്ചത്.
പാലം തുറന്നാല്‍ വിവേകാനന്ദപ്പാറയില്‍ നിന്നും നടന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് എത്താനാകും. കടലിന്‍റെ സൗന്ദര്യം ആസ്വദിച്ച് പാലത്തിലൂടെ നടക്കാനാകും. പാലം വരുന്നതോടെ ആഭ്യന്തര ടൂറിസം വന്‍ തോതില്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. രജത ജൂബിലിയോട് അനുബന്ധിച്ച് 2 ദിവസത്തെ ആഘോഷ ചടങ്ങുകളാണ് നടക്കുക. ഉദ്‌ഘാടനത്തിന് ഇന്ന് വൈകിട്ട് കന്യാകുമാരിയിലെത്തുന്ന സ്റ്റാലിന്‍ ആദ്യം പൂമ്പുഹാര്‍ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിട്ടുള്ള മണല്‍ ശില്‍പം സന്ദര്‍ശിക്കും. അതിന് ശേഷം തിരുവള്ളുവര്‍ വിഗ്രഹം സന്ദര്‍ശിച്ച് പുഷ്‌പാര്‍ച്ചന നടത്തു
അതിന് ശേഷം കണ്ണാടിപ്പാലവും പൂമ്പുഹാര്‍ കമ്പനിയുടെ കരകൗശല ശാലയും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നുപോയതോടെ കന്യാകുമാരി അടുത്തിടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി ധ്യാനത്തിനായി വിവേകാനന്ദ സ്‌മാരകത്തില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ച പാറയിലെത്താന്‍ താത്‌കാലിക നടപ്പാലം ഒരുക്കുകയായിരുന്നു.